Saturday, October 1, 2011

ആനയാകുന്നിലെ എലന്ത മാഹാത്മ്യം

ഞങ്ങള്‍ മുക്കത്തുകാര്‍ എന്ന് പറഞ്ഞൊരു കുറിപ്പ് തുടങ്ങാനാഗ്രഹമുണ്ട്; പക്ഷെ, താക്കറെയും സംഘവും കാട്ടിക്കൂട്ടുന്ന പോക്കിരിത്തരങ്ങള്‍ കേട്ട് പേടി. ആവിഷ്കാരമെന്തായാലും അതിനൊരു കാലവും സ്ഥലവും വേണമല്ലോ. ഇവിടെ സ്ഥലം കോഴിക്കോട് താലുക്കിലെ മുക്കത്തിനടുത്ത കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നാണ്. കാലം കഴിഞ്ഞ ഞായറാഴ്ച അഥായത് 2011 ജൂലൈ മൂന്ന്.

ആമുഖത്തിലെ ബോറടിയാല്‍ ഈ കുറിപ്പ് വായിക്കാന്‍ പറ്റുന്നില്ല എന്ന് നീ പറയുമെന്നറിയാമായിരുന്നു. അതുതന്നെയാണ് ഇത്രയും ബാറടിപ്പിച്ച് തുടങ്ങിയതും. അല്ലെങ്കിലും ആനയാംകുന്ന്കാര്‍ക്ക് മാത്രം മനസിലാകുന്നൊരു കാര്യം വായിക്കാന്‍ മെനക്കെടാതെ പോയി മറ്റേതെങ്കിലും വെര്‍ച്വല്‍ സ്പേസ് നോക്കടാ.

എന്നെക്കൊണ്ട് ഞാന്‍ തോറ്റു. വെറുപ്പിക്കുന്നതില്‍ ഡോക്ടറേറ്റിന് പഠിക്കയാണെന്ന ഒരഹങ്കരവുമില്ലാത്തവന്‍. കഷ്ടം.

ആനയാംകുന്നിലൊരു എലന്തയുണ്ട്. എലന്തയെന്നാല്‍ അത്ര വല്ല്യ സംഭവമൊന്നുമല്ല. അങ്ങാടിയിലെവിടെയെങ്കിലും കുറച്ച് ആള്‍ക്കാര്‍ക്ക് ചേര്‍ന്നിരിക്കാനുള്ളൊരു ഇടം.

എലന്തകള്‍ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്/എലന്തകളുടെ പൊതുസ്വഭാവം.

1ഫഇടത്തരം അങ്ങാടികളിലാണ് സ്ഥാപിക്കേണ്ടത്. (നന്നേ ചെറിയതായാലും കുഴപ്പമില്ല; പക്ഷെ നഗരങ്ങളില്‍ നടക്കില്ല. കാരണം നഗരങ്ങളില്‍ ബാറുകളും തിയറ്ററുകളും ഉള്ളിടത്തോളം പ്രയോഗികമല്ല; മാത്രമല്ല, ആവശ്യത്തിന് തൊഴില്‍ രഹിതരെ കണ്ടെത്താനും ബുദ്ധിമുട്ടും)

2ഫ രണ്ടോ അതിലധികമോ കമുകിന്‍ തടികളോ അല്ലെങ്കില്‍ സമാനമായമറ്റെന്തങ്കിലോ നിരത്തി വെച്ച് കെട്ടണം. കെട്ട് മുറുകിയില്ലെങ്കില്‍ ചില അഴകൊഴമ്പന്‍ തമാശ കേട്ട് പൊട്ടിച്ചിരിക്കാന്‍ കഴിയില്ല. എന്ത് ഒലക്കയായാലും വേണ്ടില്ല അഞ്ചാറുപേര്‍ക്ക് വെറുതെയിരിക്കാന്‍ സൗകര്യം വേണം അത്രയേയുള്ളൂ കാര്യം.

3ഫ അങ്ങാടികളില്‍ നിന്ന് വിദൂരത്താവരുത് സ്ഥലം. കാരണം വായില്‍ നോട്ടം നടക്കണമല്ലോ. മാത്രമല്ല, ബോറന്‍മാരായ കാരണവന്‍മാരുടെ നോട്ടം തെറ്റിയാല്‍ എലന്തകളില്‍ കള്ള് കുടി പതിവാകുമെന്നും മനസിലാക്കണം.

4ഫ അവധിദിവസങ്ങളായ ഞായര്‍, ഹര്‍ത്താല്‍, പൊതു അവധി ദിവസങ്ങളില്‍ എലന്തയില്‍ കോറം തികക്കാന്‍മാത്രം തൊലിക്കട്ടിയുള്ളവര്‍ ഉണ്ടെങ്കില്‍ മാത്രം മെനക്കെട്ടാല്‍ മതി. ഇല്ലെങ്കില്‍ പരദൂഷണ പ്രിയരായ കാരണവന്‍മാര്‍ സ്ഥലം കൈയ്യടക്കും.

പണ്ടെക്കെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരുടെ എണ്ണം ഇന്നത്തേക്കാള്‍ കൂടുതലായതിനാല്‍ ആനയാംകുന്നിലെ എലന്ത ഒരിക്കലും ശൂന്യമായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. ഇടക്കാലത്ത് കമുകിന്‍ തടികള്‍ ദ്രവിച്ച് നശിച്ചിരുന്നു. പക്ഷെ ആരാണെന്നറിയില്ല അത്യാവശ്യം ബലമുള്ള മറ്റ് രണ്ടെണ്ണം പുതിയത് സ്ഥാപിച്ചു. പഞ്ചായത്തില്‍ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചതായി അറിയില്ല.

കഴിഞ്ഞ ഞായറാഴ്ച അസാധാരണമായൊരു സംഘബലമുണ്ടായിരുന്നു ഞങ്ങള്‍ എലന്തക്കാര്‍ക്ക്. ഒന്ന് രണ്ട് കല്ല്യാണമുണ്ടായിരുന്നതാവാം കാരണം. ‘മഴക്കാലത്ത കുളിരുകോരുന്ന ഉച്ചയില്‍’ അല്‍പം ചൂടുള്ള മലബാറി ബിരിയാണിയും ചിക്കന്‍ കുറുമയും വിളമ്പുന്ന കല്ല്യാണങ്ങള്‍ക്ക് ക്ഷണിച്ചില്ലെങ്കിലും പോകാമെന്ന പക്ഷക്കാരാണ് ഞങ്ങ... എലന്തക്കാര്‍.

തീറ്റക്കല്ല്യാണം കഴിഞ്ഞ് എല്ലാവരും എലന്തയില്‍ സംഘമിച്ചു. എലന്തയുടെ ആജീവനാന്ത അവകാശികള്‍ എന്ന നിലക്ക് ജൂനിയര്‍മാര്‍ ഞങ്ങളെ കണ്ടപ്പോള്‍ സ്ഥലം കാലിയാക്കി. ചില ജൂനിയര്‍മാര്‍ക്ക് അങ്ങിശനയാ... കള്ള് കുടിയന്‍മാരെ പ്പോലെ എന്തും പോകും. ഇങ്ങോട്ട് കടിക്കാതിരുന്നാല്‍ മതി. അവര്‍ ബഹുമാന്യ വ്യക്തിത്വങ്ങളായ മുതിര്‍ന്ന ഞങ്ങള്‍ക്കൊപ്പവും കൂടി. കല്ല്യാണ ദിവസമായതിനാല്‍ പുതുക്കവും പുതിയാപ്ലയും പോകുന്ന കാറുകളും ജീപ്പുകളും സസൂക്ഷമം നിരീക്ഷിക്കുക എന്നതാണ് പ്രധാന ഡ്യൂട്ടി. അതിനിടെ ചില കാര്യങ്ങളിങ്ങനെ വാര്‍ന്ന് വീഴുകയാണ് പതിവ്. ചില സാഹിത്യകാരന്‍മാര്‍ പറയുംമ്പോലെ അക്ഷരാര്‍ഥത്തില്‍ അതൊരു വാര്‍ന്ന് വീഴല്‍ തന്നെയാണ്. കല്ല്യാണ വണ്ടികളിലെ സുന്ദരികളെഫസാധാരണ സുന്ദരികള്‍ പോര സാമാന്യം നല്ല സൗന്ദര്യം തന്നെ വേണം റേഞ്ച് കിട്ടാന്‍ഫ അതറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു പതിവായി ഈ വഴി കല്ലാ്യണ വണ്ടികളില്‍ യാത്രചെയ്യുന്ന ചില സുന്ദരിമാര്‍ ആനയാംകുന്നിലെത്തുമ്പോഴേക്കും ഒരു ഒരുക്കമൊരുങ്ങാറുണ്ട്. ഞങ്ങളുടെ കണ്ണില്‍ പെട്ട് അവലേകാനത്തിന് പാത്രമാകുക എന്ന ലക്ഷ്യത്തോടെയാണ് ആ ഒരുക്കങ്ങള്‍.

കാര്യമതൊന്നുമല്ല. ഞങ്ങളുടെ പ്രായക്കാരന്‍ തന്നെയാണ്, ഒരുത്തനുണ്ട്. അവന്‍ റേഷന്‍കടയില്‍ നിന്ന് ബി.പി.എല്‍ അരി വാങ്ങാനായി നടന്ന് വരികയാണ്. 180 സി.സി. പള്‍സര്‍ ബൈക്ക് എടുക്കാത്തതായിരുന്നു അന്നത്തെയവന്‍െറ വലിയ പിഴ. കാഴ്ചയുടെ നൂറുമീറ്റര്‍ അകലത്ത് വെച്ച് അവന്‍െറ നടത്തത്തിന്‍െറയൊരു താളം തെറ്റല്‍ ഞങ്ങള്‍ എലന്തക്കാര്‍ക്ക് പിടികിട്ടി. എന്തോ ഒരു അസ്വാഭാവികത. എല്ലാവരും ഒറ്റക്കണ്ണായി അവന്‍െറ നടത്തം തന്നെ നോക്കിയിരുന്നു. കാര്യം പിടിക്കിട്ടിയിട്ടെന്നവണ്ണം അവന്‍െറ നടത്തതിലും മുഖത്തിലും ചില മാറ്റങ്ങള്‍ പ്രത്യക്ഷമായി.നിങ്ങള്‍ ശ്രദ്ധിച്ച് കാണും കംമ്പ്യൂട്ടറിനരികില്‍ മൊബൈല്‍ ഫോണ്‍ മണിയടിച്ചാല്‍ ഉണ്ടാകുന്ന ഒരു ഇത്. അതു തന്നെ കാര്യം. ഞങ്ങളെ മൈന്‍ഡ് ചെയ്യാതെന്നവണ്ണം അവന്‍ അനാവശ്യമായി നടന്ന് കയറിയത് ഹംസയുടെ കടയിലേക്ക്. റേഷന്‍ കടയിലെത്തണമെങ്കില്‍ ഞങ്ങളുടെ എലന്ത കടന്നുപോണം അവന്. അതായിരുന്നു അന്നത്തെ ഓന്‍െറ സിറാത്ത് പാലം. ഇതിനിടയിലും നിരവധി കല്ല്യാണ വണ്ടികളും ചില എടുക്കാ നാണയങ്ങളായ കാരണവന്‍മാരും ഞങ്ങളുടെ റെറ്റിനയില്‍ കയറി വരികയും അതുപോലെ ഇറങ്ങിപ്പോകുകയും ചെയ്യുന്നുയിരുന്നു.

ഇതിനിടെ ഞങ്ങളുടെ ശ്രദ്ധ പതറിയെന്ന ധാരണയില്‍ റോഡിന്‍െറ മറുവശത്ത് കൂടി കടന്നു കളയാന്‍ ശ്രമിച്ച അവനെ കണ്ടതും അടുത്ത് വിളിച്ചതും ഷാജഹാനായിരുന്നു. ഒരുവേള അല്‍പസമയം കോളജില്‍ പഠിച്ച കലത്തെ റാഗിംങ് ഓര്‍ത്തുപോയി. അത്രയും പാവമായിരുന്നു അന്നവന്‍. കുഴപ്പം അവനായിരുന്നില്ല. അന്നാദ്യമായി അവനിട്ട പുതിയ ചെരുപ്പിനായിരുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണിന് പോലും വെളുത്തനിറം അലങ്കാരമാണെന്നാണ് ഞങ്ങള്‍ എലന്തക്കാരുടെ വിശ്വാസം. പക്ഷെ അതേ വെളുപ്പ് ചെരുപ്പിന് പറ്റില്ല. ചെരുപ്പ് വുഡിലാന്‍ഡായാലും ബാറ്റയായാലും വേണ്ടില്ല വെളുപ്പ് അംഗീകരിക്കാന്‍ പറ്റില്ല. കമ്യൂണിസ്റ്റുകാര്‍ കപ്യാരെകണ്ടപോലെ എന്നൊരു പ്രയോഗം തന്നെയുണ്ട് നാട്ടില്‍. ചെരുപ്പിന്‍െറ അപദാനങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണിപ്പറഞ്ഞപോഴാണ് നേരത്തേ നടത്തത്തിനിടയില്‍ വന്ന പാകപ്പിഴയും ഹംസയുടെ കടയില്‍ കയറാനുണ്ടായ സാഹജര്യവും അവന്‍ വെളിപ്പെടുത്തിയത്. റഊഫിന്‍െറ വെളിപ്പെടുത്തല്‍ പോലെ. എന്തായാലും വേണ്ടില്ല അന്നത്തെ ആ സനധ്യയില്‍ അവന് തന്‍െറ പുതിയ ചെരുപ്പ് കാലില്‍ നിന്ന് ഉരിയെടുത്ത് ഞങ്ങളുടെ മുഖത്തടിക്കുന്നതിന് പകരം ഒരു കവറിലാക്കി. പത്ത് മീറ്റര്‍ മാത്രം അകലത്തിലുള്ള റേഷന്‍ കടയിലേക്ക് ഒരു ഓട്ടോ വിളിച്ച് പോയി. ഒപ്പം പുതിയ ഒരു റബര്‍ ചെരിപ്പ് വാങ്ങി കാലിലിടുകയും ചെയ്തു.

ആനയാംകുന്നുകാര്‍ക്കിത് പുതിയ അനുഭവമാണെന്നാണ് എന്‍െറ വിചാരം. ‘എലിയെ പേടിച്ച് ഇല്ലം ചുടുക’ എന്ന പഴംഞ്ചൊല്ല് ഞാനും അവനും ഒരുമിച്ചാണ് ഇമ്പോസിഷ്യന്‍ എഴുതിയത്. അതുപോലും ഓര്‍ക്കാത്ത ഒരുത്തന്‍ എങ്ങിനെ 30കൊല്ലം ആനയാംകുന്നില്‍ വളര്‍ന്നു എന്നതാണ് അല്‍ഭുതം. അല്ലെങ്കില്‍ പിന്നെ തോണി നിറഞ്ഞാല്‍ പുറം എന്നൊരു ചൊല്ലെങ്കിലും ഓര്‍ക്കാമായിരുന്നു.

അതൊക്കെ പോട്ടെ അവനിപ്പോഴും നെഞ്ചുന്തി നടക്കുകയാണ് ഞങ്ങളുടെ നാട്ടുകാരനാണെന്നും പറഞ്ഞ്. ഞാനൊരു സുരേഷ് ഗോപി ആയിരുങ്കെില്‍ നാല് തെറി കൂടി എഴുതാമായിരുന്നു.......................