Saturday, September 12, 2009

ഇക്കാക്കയുടെ മംഗല്ല്യം

'സുമംഗലീ നീയോര്‍മ്മിക്കുമോ...' എന്ന ഗാനത്തിന്റെ റിഥം കാതില്‍ തട്ടുമ്പോഴാണ് ഞാന്‍ ടീവിയിലേക്ക് ശ്രദ്ധിക്കുന്നത്.
'ഹലോ ഗുഡ് ഈവനിംഗ്' എന്നപ്രോഗ്രാമിലാണ് ആ പാട്ട്. പാട്ടിന്റെ കൂടെ ഒരു സന്ദേശം 'നൌ അയാം ലൌവിംഗ് സുഹ്റ, ആഫ്റ്റര്‍ മാരീജ് ഓഫ് യു, അവേര്‍സ് റിലേഷന്‍ഷിപ്പ് ഈസ് ടെറിഫയിംഗ് മി'
ഉമ്മയും ജ്യേഷ്ഠന്റെ ഭാര്യയും ടിവി കണ്ട് കൊണ്ടിരിക്കുന്നു. ഇത്താത്തയുടെ കൈവിരല്‍ താളം പിടിക്കുന്നു.
'ഇത്താത്തക്കാണോ ആ മെസേജ്?' തമാശ മട്ടില്‍ ചോദിച്ചു. ഇത്താത്ത ചിരിച്ചു, വെറുതെ. സന്ദേശത്തിന്റെ ആശയം ഉമ്മക്കും പറഞ്ഞ് കൊടുക്കേണ്ടി വന്നു.
'സൂറ എപ്പഴൂം കേക്ക്ണ പാട്ടാണല്ലോ ഇത്' കുറച്ച് നേരത്തെ മൌനത്തിന് ശേഷമാണ് ഉമ്മ ഇങ്ങിനെ പറഞ്ഞത്.
ഒരു മാസം ആയിട്ടേയുള്ളൂ അവരുടെ കല്ല്യാണം കഴിഞ്ഞിട്ട്. ജ്യേഷ്ഠന്‍ ഫോണ്‍ ചെയ്തപ്പോള്‍ താത്ത കേള്‍ക്കേ ഉമ്മ ഇങ്ങിനെ പറഞ്ഞു.
'മജീദേ സൂറാന്റെ കാര്യത്തില്‍ ഇച്ച് ചെല സംശയംണ്ട്'.
ഭക്ഷണം വിളമ്പുന്നതിനിടയില്‍ ഒരു ഗ്ലാസ് താത്തയുടെ കയ്യില്‍ നിന്നും ഉടഞ്ഞു.
'ചില്ലൊടക്കാന്‍ മാത്രം ആരാ അന്റെ കിനാവില്'
ഉമ്മ ചോദിച്ചത് ഗൌരവത്തോടെയാണ്.
ഇക്കാക്കയുടെ ആദ്യ കല്ല്യാണത്തിന് ചുമരില്‍ തേച്ച നിറം ഉണങ്ങിയിരുന്നില്ല മുറ്റത്ത് മറെറാരു പന്തല്‍ ഉയരുമ്പോള്‍. വരന്റെ കസേരയില്‍ ഇക്കാക്ക....